Friday, April 26, 2013

വസന്തങ്ങള്‍ വീണ്ടും മൂകമാവുമ്പോള്‍

“silent spring is now a noisy summer”1962 ജൂലൈ 22 ന് ന്യൂയോര്‍ക്ക് ടൈംസിന്റെ ഒന്നാം പേജില്‍ വന്ന ഈ വാര്‍ത്ത വന്‍ ജനശ്രദ്ധ പിടിച്ചുപറ്റി. ന്യൂയോര്‍ക്കറില്‍ റേച്ചല്‍ കാഴ്സണ്‍ പരമ്പരയായി പ്രസിദ്ധീകരിച്ച സൈലന്റ് സ്പ്രിങ് (നിശ്ശബ്ദ വസന്തം) പുതിയ സംവാദങ്ങള്‍ക്ക് നാന്ദി കുറിച്ചതിന്റെ സൂചനയായിരുന്നു അത്. രാസകീടനാശിനികള്‍ വിതയ്ക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ലോകത്തിനു മുന്നറിയിപ്പു നല്‍കി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയൊരു ദിശാബോധം നല്‍കിയ റേച്ചല്‍ കാഴ്സന്റെ നാല്പത്തിയൊന്‍പതാം ചരമവര്‍ഷിക ദിനമാണ് ഈ വരുന്ന ഏപ്രില്‍ 14 ന്. രാസകീടനാശിനികള്‍ ജീവനാശിനികള്‍ തന്നെയാണെന്നു സധൈര്യം ലോകത്തോടു വിളിച്ചു പറഞ്ഞ , രാസവസ്തുക്കളോടുള്ള അന്ധമായ വിധേയത്വം ചോദ്യം ചെയ്ത നിശ്ശബ്ദ വസന്തം എന്ന പുസ്തകം പുറത്തിറങ്ങിയിട്ട് 2012 സെപ്റ്റംബര്‍ 27 ന് അര നൂറ്റാണ്ടു തികഞ്ഞു. മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമായതിനാല്‍ പ്രകൃതിയോടുള്ള യുദ്ധം അവനവനോടു തന്നെയാണെന്നും ഭൂമിയിലെ അനന്തവൈവിദ്ധ്യമാര്‍ന്ന ജീവലോകത്തിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യന്‍ എന്നും സര്‍വ്വജീവജാലങ്ങള്‍ക്കും വരുംതലമുറകള്‍ക്കും ഒരു പോലെ അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്നുമുള്ള സന്ദേശമാണ് റേച്ചല്‍ തന്റെ കൃതികളിലൂടെയും ഒറ്റയാള്‍പ്പോരാട്ടത്തിലൂടെയും നല്‍കിയത്.

പൂക്കളും പൂമ്പാറ്റകളും പുല്ലും ചെടികളും കിളികളും പാടങ്ങളും ജലാശയങ്ങളും പഴത്തോട്ടങ്ങളുമൊക്കെ നിറഞ്ഞ പ്രശാന്തസുന്ദരമായ ഒരു ഗ്രാമം.ഏറെ നാളായി ആ ഗ്രാമം അങ്ങനെ തന്നെയായിരുന്നു. സ്ഥിതിഗതികള്‍ മാറിയതു പെട്ടെന്നാണ്. ചെടികള്‍ വാടിത്തുടങ്ങി. മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമൊക്കെ അജ്ഞാത രോഗങ്ങള്‍ ബാധിച്ചു. പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ജലാശയങ്ങളില്‍ മത്സ്യങ്ങളില്ലാതായി. കുഞ്ഞുങ്ങളുടെ കളിചിരികളും കിളികളുടെ കളകൂജനവും പൂക്കളുടെ വിടര്‍ന്ന ചിരിയുമൊക്കെ ആ ഗ്രാമത്തിനന്യമായി.ഇതിന്റെ കാരണമന്വേഷിച്ചു പകച്ച ഗ്രാമീണര്‍ കണ്ടത് അവിടവിടെ മരണദൂതു പോലെ തൂവിക്കിടന്ന ഒരു വെളുത്ത പൊടി മാത്രമായിരുന്നു.നിശ്ശബ്ദ വസന്തത്തിന്റെ ഒന്നാം അദ്ധ്യായമായ Fable for tomorrow യില്‍ നാളേക്കുള്ള ഗുണപാഠമായി ഇങ്ങനെയൊരു സംഭവം വിവരിക്കുന്നുണ്ട് റേച്ചല്‍. രാസകീടനാശിനികളുടെ വിവേചനരഹിതമായ ഉപയോഗം വസന്തങ്ങള്‍ എന്നെന്നേക്കുമായി നിശ്ശബ്ദമാക്കുമെന്ന മുന്നറിയിപ്പാണ് ഇത്. ഇന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ ഗ്രാമത്തിന്റെ പകര്‍പ്പുകള്‍ നമുക്കു കാണാം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പ്രകൃതിയെ ചൂഷണം ചെയ്യാനും അമിതലാഭം കൊയ്യാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി രാസവസ്തുക്കള്‍ യാതൊരു വിവേചനവുമില്ലാതെ വാരിവിതറപ്പെടുമെന്നു റേച്ചല്‍ മുന്‍ കൂട്ടി കണ്ടിരുന്നു. രാസവസ്തുക്കളിലൂടെ കൂടുതല്‍ മെച്ചപ്പെട്ട ജീവിതം എന്നതായിരുന്നു അക്കാലത്ത് കോടികള്‍ കൊയ്യുന്ന പല രാസവസ്തു നിര്‍മ്മാണ കമ്പനികളുടെയും പരസ്യ വാചകം.
റേച്ചല്‍ കാര്‍സണ്‍ അരനൂറ്റാണ്ടിനു മുന്‍പേ പ്രവചിച്ച നിശ്ശബ്ദ വസന്തം ലോകത്തിന്റെ പലഭാഗത്തും പലരൂപത്തില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്റെ നേര്‍ക്കാഴ്ചയാണ് കാസര്‍ക്കോട്ടെ ഒരു പറ്റം അതിര്‍ത്തി ഗ്രാമങ്ങള്‍.എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിയാണ് ഇവിടെ മരണമഴയായി പെയ്തിറങ്ങിയത് .തലമുറകളില്‍ നിന്നു തലമുറകളിലേക്ക് നീളുന്ന തീരാദുരിതങ്ങളാണ് ഇതവര്‍ക്ക് സമ്മാനിച്ചത്. ജനിതക വൈകല്ല്യങ്ങള്‍, അംഗവൈകല്ല്യങ്ങള്‍, നാഡീവ്യൂഹത്തകരാറുകള്‍, പ്രത്യുല്പാദന വ്യവസ്ഥയിലെ തകരാറുകള്‍, ബുദ്ധിമാന്ദ്യം, കാന്‍സര്‍ തുടങ്ങിയ തീരാദുരിതങ്ങളുമായി ജീവിതപ്പെരുവഴിയില്‍ പകച്ചു നില്‍ക്കുകയാണ് ഇവിടുത്തെ പാവം മനുഷ്യര്‍. കശുമാവിന്‍ പൂക്കളെ നശിപ്പിക്കുന്ന തേയിലക്കൊതുകുകളെ തുരത്താന്‍ ഇവിടെ ആകാശത്തു നിന്നും വിഷം ചീറ്റിയത് രണ്ടു ദശാബ്ദത്തിലധികം കാലം..അതോടെ മണ്ണും വായുവും ജലവും വിഷമയമായി. ആകാശത്തു നിന്നും വിവേചന രഹിതമായി വിഷം തളിക്കുന്നതിന്റെ ഗുരുതരമായ ഭവിഷ്യത്തുകള്‍ അമേരിക്കയില്‍ ജിപ്സി ശലഭങ്ങളെയും തീയുറുമ്പുകളെയും തുരത്താന്‍ ആകാശത്തു നിന്നു കീടനാശിനി തളിച്ചപ്പോഴുണ്ടായ പ്രശ്നങ്ങള്‍ ഉദാഹരിച്ചു അര നൂറ്റാണ്ടു മുന്‍പേ വിവരിച്ചിട്ടുണ്ട് റേച്ചല്‍.
1907 മെയ് 27 ന് പെന്‍സില്‍ വാനിയയിലെ സ്പ്രിങ്ഡെയ് ലില്‍ ആണ് റേച്ചല്‍ ജനിച്ചത്. പ്രകൃതിയെയും പുസ്തകങ്ങളെയും കൂട്ടുകാരാക്കിയ ബാല്യം. സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയിലും ഗൌരവമായി തുടര്‍ന്ന പഠനം ഇതൊക്കെ റേച്ചലിനെ സമപ്രായക്കാരില്‍ നിന്നും വ്യത്യസ്തയാക്കി. വിവാഹ മാര്‍ക്കറ്റിലെ സ്റ്റാറ്റസ് സിംബലായി മാത്രം വലിയൊരു ശതമാനം പെണ്‍കുട്ടികളും കോളജ് പഠനത്തെ കണ്ടിരുന്ന കാലത്താണ് സാഹിത്യത്തില്‍ അതീവ തല്പരയായിരുന്ന റേച്ചല്‍ ഇംഗ്ലീഷില്‍ ബിരുദമെടുക്കുക എന്ന ലക്ഷ്യത്തോടെ പെന്‍സില്‍ വാനിയ വനിതാ കോളജില്‍ എത്തുന്നത്. എന്നാല്‍ ഉപരിപഠനത്തിനു റേച്ചല്‍ തെര്‍ഞ്ഞെടുത്തത് ജീവശാസ്ത്രവും മറൈന്‍ ബയോളജിയുമായിരുന്നു. ശാസ്ത്ര പഠനവും ഗവേഷണവുമൊന്നും സ്ത്രീകള്‍ക്കു പറഞ്ഞിട്ടുള്ളതല്ലെന്ന ധാരണ ശക്തമായിരുന്ന കാലത്താണ് ആത്മവിശ്വാസത്തോടെ റേച്ചല്‍ തന്റെ പാത തെരഞ്ഞെടുത്തത്. അനന്ത വിസ്മയങ്ങളെ ഉള്ളില്‍ ഒളിപ്പിക്കുന്ന സാഗരം റേച്ചലിന് എന്നുമൊരു അത്ഭുതമായിരുന്നു.ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയിലെയും വുഡ്സ് ഹോള്‍ പരീക്ഷണ ശാലയിലെയും അനുഭവങ്ങള്‍ റേച്ചലിന്റെ അന്വേഷണ ത്വരയ്ക്കു കരുത്തു പകര്‍ന്നു. പിതാവിന്റെ മരണത്തോടെ കുടുംബഭാരം റേച്ചലിന്റെ ചുമലിലായി. ജോലിക്കു വേണ്ടിയുള്ള അന്വേഷണത്തിനൊടുവില്‍ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ശാസ്ത്രജ്ഞയായി. Under the Seawind, The Sea Around Us, The Edge of the Sea എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് റേച്ചല്‍.വസ്തുനിഷ്ഠമായ വിവരണങ്ങളും കാവ്യാത്മകമായ ഭാഷയും റേച്ചലിന്റെ രചനകളുടെ സവിശേഷതയായിരുന്നു. പ്രകൃതിയിലെ സര്‍വ്വജീവജാലങ്ങളോടുമുള്ള ആദരവ് ആ രചനകള്‍ക്ക് ജീവന്‍ പകര്‍ന്നു. ആര്‍.എല്‍. കാര്‍സണ്‍ എന്ന പേരിലാണ് ന്യൂയോര്‍ക്കറിലും മറ്റും അവര്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇതെല്ലാം എഴുതുന്നത് ഒരു പുരുഷന്‍ ആണെന്നാണ് ഭൂരിഭാഗം വായനക്കാരും കരുതിയിരുന്നത്. ഒരു സ്ത്രീ ഇത്രയും ആധികാരികമായും ആകര്‍ഷകമായും ശാസ്ത്രം എഴുതുമെന്ന് അവര്‍ക്കു സങ്കല്പിക്കാനേ കഴിഞ്ഞിരുന്നില്ല.

1958 ല്‍ ഓള്‍ഗ ഹക്കിന്‍സ് എന്ന വനിത ദ് ഹെറാള്‍ഡ് പത്രത്തിനൊരു കത്തയച്ചു. ഡി.ഡി.റ്റി. തളിച്ച സ്ഥലത്ത് പക്ഷികള്‍ ചത്തുവീഴുന്നതിനെക്കുറിച്ചായിരുന്നു അത്. അങ്ങനെയാണ് രാസകീടനാശിനികള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് റേച്ചലിന്റെ സജീവ ശ്രദ്ധ പതിയുന്നത് . നിരന്തരമായ നിരീക്ഷണങ്ങളുടെയും വിവരശേഖരണങ്ങളുടേതും പഠനങ്ങളുടേതുമായിരുന്നു തുടര്‍ന്നുള്ള നാലു വര്‍ഷങ്ങള്‍ അതിനിടെ അമ്മയുടെ മരണവും സ്തനാര്‍ബ്ബുദം തന്റെ ശരീരത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിപ്പിക്കുന്ന സത്യവും ഒന്നും റേച്ചലിന്റെ മനോധൈര്യം കെടുത്തിയില്ല. വമ്പന്‍ കീടനാശിനി നിര്‍മ്മാണ കമ്പനികളോടും സര്‍ക്കാരിന്റെ കീടനാശിനി ,രാസവസ്തു നയങ്ങളോടുമാണ് തന്റെ ഈ ഒറ്റയാള്‍പ്പോരാട്ടമെന്നും നല്ല ബോധ്യമുണ്ടായിരുന്നു അവര്‍ക്ക്. വര്‍ഷങ്ങളോളം നാശമില്ലാതെ മണ്ണില്‍ ചുറ്റിത്തിരിയുന്ന കീടനാശിനികള്‍ സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍, അതു സൃഷ്ടിക്കുന്ന അര്‍ബ്ബുദവും ജനിതക വൈകല്ല്യങ്ങളുമടക്കമുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍, ഭക്ഷ്യ ശൃംഖലയില്‍ കയറിക്കൂടുന്ന കീടനാശിനികളുടെ അപകടകരമാ‍യ സഞ്ചാരം, കീടനാശിനി പ്രയോഗം കാരണം അറ്റു പോവുന്ന ജീവന്റെ കണ്ണികള്‍ ഇതെല്ലാം സുവ്യക്തമായ തെളിവുകള്‍ സഹിതമാ‍ണ് റേച്ചല്‍ അവതരിപ്പിച്ചത് .റേച്ചലിന്റെ ലേഖനങ്ങള്‍ നേടിയ പൊതുജന സമ്മതി കീടനാശിനി ഭീമന്മാരെ വിറളി പിടിപ്പിക്കുക തന്നെ ചെയ്തു.ഇതെല്ലാം ഒരു സ്ത്രീയുടെ , അതും അവിവാഹിതയായ ഒരു സ്ത്രീയുടെ അടിസ്ഥാന രഹിതമായ ജല്പനങ്ങളാണെന്നും ഭാവനാസൃഷ്ടിയാണെന്നും സ്ഥാപിക്കാന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുക തന്നെ ചെയ്തു. റേച്ചല്‍ വെറുതെ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നു വാര്‍ത്തകളിലൂടെ യും കാ‍ര്‍ട്ടൂണുകളിലൂടെയും ലഘു ലേഖകളിലൂടെയുമൊക്കെ യുമൊക്കെ സ്ഥാപിക്കാനും പുസ്തകത്തിന്റെ പ്രസിദ്ധീകരണം തന്നെ തടയാനും ശ്രമങ്ങള്‍ നടന്നു. ഏതായാലും 1962 സെപ്റ്റംബര്‍ 27 ന് സൈലന്റ് സ്പ്രിംഗ് പുറത്തിറങ്ങി. ആക്ഷേപങ്ങളിലും പരിഹാസങ്ങളിലും വിമര്‍ശനങ്ങളിലും ഭീഷണികളിലുമൊന്നും റേച്ചല്‍ കാര്‍സണ്‍ കുലുങ്ങിയില്ല. പാരിസ്ഥിതിക ചിന്തകളില്‍ അവര്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു. നിശ്ശബ്ദ വസന്തത്തിനു സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ സ്വാധീനം മനസ്സിലാക്കിയ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി നിശ്ശബ്ദ വസന്തത്തിലൂടെ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയില്‍ ഡി.ഡി.റ്റി. നിരോധിക്കപ്പെട്ടു.നവപാരിസ്ഥിതിക ചിന്തകളുടെ തരംഗം സൃഷ്ടിച്ച് നിശ്ശബ്ദ വസന്തം ലോകം മുഴുവന്‍ ചര്‍ച്ചാവിഷയമായി. ഒരു പരിസ്ഥിതി സംഘടനയുടെയും രാഷ്ടീയ പാര്‍ട്ടിയുടെയും പിന്തുണ ഇല്ലാതെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളോ പാരിസ്ഥിതിക സ്ത്രീവാദമോ സജീവമല്ലാതിരുന്ന കാലത്ത് വ്യവസായവല്‍ക്കര്‍ണത്തിന്റെ മറുവശം പുറത്തുകൊണ്ടുവരാന്‍ തനിച്ചു പോരാടിയ ആ ധീരവനിതയുടെ വിജയം തന്നെയായിരുന്നു അത്. 1964 ഏപ്രില്‍ 14 ന് മേരിലാന്റിലെ സ്വവസതിയില്‍ അമ്പത്തിയാറാം വയസ്സില്‍ ആ മഹതി അന്തരിച്ചു. തന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു പുതിയ തിരിച്ചറിവുകള്‍ നല്‍കും എന്ന ശുഭാപ്തി വിശ്വാസം റേച്ചല്‍ എന്നും കാത്തുസൂക്ഷിച്ചിരുന്നു. ആല്‍ബര്‍ട്ട് ഷ്വെറ്റ്സര്‍ മെഡലും മരണാനന്തര ബഹുമതിയായി പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് ഫോര്‍ ഫ്രീഡവും ആ മഹതിയെ തേടിയെത്തി.

വിവിധ രാസവസ്തുക്കളുടെ കുപ്പത്തൊട്ടിയായി മാറിക്കൊണ്ടിരിക്കുകയാണു ഭൂമി. ഭ്രൂണാവസ്ഥ തൊട്ടു മരണം വരെ മനുഷ്യന്‍ ഇടപെടേണ്ടി വരുന്ന അപകടകരമായ രാസവസ്തുക്കള്‍ക്കു കൈയ്യും കണക്കുമില്ല.മനുഷ്യ ശരീരത്തിലെ കൊഴുപ്പിലും അന്തസ്രാവ ഗ്രന്ഥികളിലും എന്തിന് അമ്മമാരുടെ മുലപ്പാലില്‍ വരെ അപകടകരമായ തോതില്‍ കീടനാശിനിയുടെ അംശം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. കടമ്മനിട്ട പാടിയതു പോലെ കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത് എന്നു വിലപിക്കേണ്ട അവസ്ഥ. ഒരിക്കലും കീടനാശിനി പ്രയോഗിച്ചിട്ടില്ലാത്ത ധ്രുവ പ്രദേശത്തെ പെന്‍ ഗ്വിനിലും നീര്‍നായയിലും വരെ ഡി.ഡി.റ്റി. എത്തി എന്നു പറയുമ്പോള്‍ തന്നെ ഊഹിക്കാമല്ലോ രാസകീടനാശിനികളുടെ അപകടകരമായ സഞ്ചാരം. കീടനാശിനിയുടെ അംശം കലരാത്ത കറിവേപ്പില പോലും കണികാണാന്‍ കിട്ടാത്ത ദുരവസ്ഥയിലാണു നമ്മള്‍. ശുദ്ധവായുവും ശുദ്ധജലവും പോലും അത്യപൂര്‍വ്വ വസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. എന്നിട്ടും കീടങ്ങളെ കൊന്നു വിളവുകൂട്ടി ലാഭം കൊയ്യാന്‍ പലരൂപത്തില്‍, പലപേരുകളില്‍ നാം രാസകീടനാശിനികള്‍ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു. വീട്ടില്‍ ഉറുമ്പിനെ കണ്ടാലുടന്‍ ഡി.ഡി.റ്റി യും ചിതലിനെ തുരത്താന്‍ ബി.എച്ച്.സി യും കൈകൊണ്ട് വാരിവിതറുന്നവര്‍ പോലുമുണ്ട് നമ്മുടെ നാട്ടില്‍.പതിനായിരക്കണക്കിനു രാസകീടനാശിനികള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. കൃത്രിമമായി സംശ്ലേഷണം ചെയ്തെടുത്ത കാര്‍ബണിക കീടനാശിനികളില്‍ ഓര്‍ഗാനോക്ലോറിനുകളും ഓര്‍ഗാനോഫോസ്ഫേറ്റുകളും കാര്‍ബമേറ്റുകളുമൊക്കെ പെടും.

പരിസ്ഥിതിയില്‍ ഏറെ നാ‍ള്‍ ചുറ്റിത്തിരിയുകയും മനുഷ്യശരീരത്തിലും ഭക്ഷ്യശൃംഖലയിലും കയറിക്കൂടി ജൈവാവര്‍ദ്ധനത്തിന് ഇടയാക്കുകയും ചെയ്യുന്ന ഡി.ഡി.റ്റി. പോലുള്ള അപകടകരമായ കാര്‍ബണിക കീടനാശിനികളുടെ ഉല്പാദനവും ഉപയോഗവും തടയാനും നിയന്ത്രിക്കാനുമായി രൂപം കൊണ്ട രാജ്യാന്തര ഉടമ്പടിയാണ് പോപ്സ് കണ്‍ വെന്‍ഷന്‍. രാസകീടനാശിനികളുടെ അപകടം ഇന്നു ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ജൈവകൃഷി രീതികളും പരിസ്ഥിതി സൌഹൃദ കീടനാശിനികള്‍ വികസിപ്പിച്ചെടുക്കാനുള്ള ഹരിത രസതന്ത്ര രംഗത്തെ ഗവേഷണങ്ങളും ലോകത്തിനു പ്രതീക്ഷയുടെ പച്ചത്തുരുത്തുകളാണ് .ഇതിനു നാം കടപ്പെട്ടിരിക്കുന്നത് റേച്ചല്‍ കാര്‍സണോടു തന്നെ. പാഠങ്ങള്‍ പലതുമുണ്ടു നമുക്കു മുന്നില്‍. എന്നിട്ടും ഒന്നും പഠിച്ചില്ലെങ്കില്‍ അരനൂറ്റാണ്ടിനു മുന്‍പേ റേച്ചല്‍ കാര്‍സണ്‍ പ്രവചിച്ച നിശ്ശബ്ദ വസന്തങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

Friday, April 27, 2012

കുഞ്ഞുകണങ്ങളുടെ രസ(മുള്ള)തന്ത്രം

കിഴക്കേവീട്ടിലെ അനുചേച്ചി നാനോടെക്‍നോളജിയില്‍ ഗവേഷണം നടത്താന്‍ പോകുന്നൂന്ന് അമ്മ പറയുന്നത് കേട്ടപ്പോള്‍ മുതല്‍ തോന്നിയ സംശയമാ അപ്പുവിന്. എന്താണാവോ ഈ നാനോടെക്‍നോളജി ? നാനോ കാര്‍ ,നാനോ ഹോം ,നാനോ കുട എന്നൊക്കെ കേട്ടിട്ടുണ്ട്. അമ്മയോടും ചേട്ടനോടും ചോദിച്ചപ്പോള്‍ കോളെജില്‍ പഠിപ്പിക്കുന്ന കുഞ്ഞമ്മയോട് തിരക്കാന്‍ പറഞ്ഞു. തേടിയവള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞത് പോലെ ദേ കുഞ്ഞമ്മ ഇന്ന് വീട്ടിലെത്തുകയും ചെയ്‌തു. ഇനി കൂടെക്കൂടിയാല്‍ കുറെ കാര്യങ്ങള്‍ പറഞ്ഞു തരും കുഞ്ഞമ്മയോട് സംസാരിച്ചാലും സംസാരിച്ചാലും മതിയാവില്ല. വന്നിരുന്നില്ല അതിനുമുന്നെ അപ്പു അടുത്തെത്തി.
എന്താ കുഞ്ഞമ്മേ ഈ നാനോ ? അപ്പു ചോദ്യം ചോദിച്ചപ്പേഴെക്കും ചേട്ടനും അടുത്തെത്തി. അതോ മോന്റെ ഭാഷയില്‍ പറഞ്ഞാല്‍ കുഞ്ഞുകണങ്ങളുടെ സാങ്കേതികവിദ്യ. കുഞ്ഞമ്മ പറഞ്ഞുതീര്‍ന്നപ്പോഴേക്കും ദാ വരുന്നു അടുത്ത ചോദ്യം. കുഞ്ഞെന്ന് പറഞ്ഞാല്‍ എത്ര കുഞ്ഞാ. ഒരു ഉറുമ്പിന്റത്ര ? മണല്‍ തരിയോളം അതോ പൂമ്പൊടിയെ പോലെയോ ? അല്ല അപ്പൂ അതിലും ഒക്കെ എത്രയോ ചെറുത്. ആഹാ! അപ്പുവിന് രസം കയറി. ഒരു മീറ്ററിന്റെ നൂറ് കോടിയിലൊരംശം അല്ലേ ഒരു നാനോ മീറ്റര്‍ അതിനിടയില്‍ കോളജില്‍ കുമാരനായ ചേട്ടന്‍ കയറി ഗോളടിച്ചു. അതെ അപ്പൂ നമ്മുടെ ഒരു തലമുടി നാരിന്റെ വണ്ണത്തെ രണ്ട് ലക്ഷം നാനോ മീറ്റര്‍ എന്ന് പറയാം ഇപ്പോ മനസിലായോ നാനോയുടെ കണ്ണില്‍ ഒരു മണല്‍ തരിയുടെ വലിപ്പം.
അപ്പോള്‍ കുഞ്ഞമ്മേ എന്താ ഈ നാനോ രസതന്ത്രം ? രസതന്ത്രവര്‍ഷം പ്രമാണിച്ച് ഞങ്ങളുടെ കോളെജില്‍ അടുത്താഴ്ച ഒരു സെമിനാറും നടക്കുന്നുണ്ട്. ഹും കുഞ്ഞമ്മയില്‍ നിന്ന് കുറെ നാനോകാര്യങ്ങള്‍ അറിഞ്ഞ് ഷൈന്‍ ചെയ്യാനുള്ള പണിയാ ഒപ്പിക്കുന്നത് അപ്പു ചേട്ടനെ കളിയാക്കി. ഒരു വമ്പന്‍ ഫാക്‍ടറിയെ ഒരു ചെറിയപെട്ടിക്കുള്ളില്‍ ഒതുക്കാന്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും. അയ്യോ പെട്ടിക്കുള്ളില്‍ ഒതുങ്ങുന്ന ഫാക്‍ടറിയോ ? ഞാന്‍ സയന്‍സ് ക്ലബ്ബ് വക ടൂറ് പോയപ്പോള്‍ കണ്ട ഫാക്‍ടറിയും യന്ത്രങ്ങളുമൊക്കെ എത്ര വലുതാ അപ്പു അത്ഭുതപ്പെട്ടു. അതാണ് പറഞ്ഞത് കുഞ്ഞുകണങ്ങളുടെ ഒരു അത്ഭുത ലോകം തന്നെയാണ് നമ്മളെ കാത്തിരിക്കുന്നത്. ഇതുവരെ കാണാത്ത അറിയാത്ത സങ്കല്‍‌പിക്കുക പോലും ചെയ്യാത്ത ഒരത്ഭുത ലോകം !
വേറേ എന്തൊക്കെയാ കുഞ്ഞമ്മേ നാനോ കെമസ്ട്രിയിലെ വിശേഷങ്ങള്‍ ? ചോദ്യം ചേട്ടന്റെ വക. വെള്ളത്തില്‍ അലിയുന്ന സ്വര്‍ണത്തെ കുറിച്ച് കേട്ടിട്ടുണ്ടോ. ങേ സ്വര്‍ണത്തിന്റെ വില റോക്കറ്റ് പോലെ കയറുന്നത് മാത്രമേ ഞാന്‍ പത്രത്തില്‍ വായിച്ചിട്ടുള്ളു കുഞ്ഞമ്മയുടെ ചോദ്യം തീരും മുന്നെ അപ്പു ഇടയ്‌ക്ക് കയറി പറഞ്ഞു. ആ എങ്കില്‍ ഇപ്പോള്‍ കേട്ടോളൂ സ്വര്‍ണത്തിന്റെ നാനോ തരികള്‍ വെള്ളത്തില്‍ അലിയും. എന്നു വച്ചാല്‍ ആറ്റങ്ങളുടെ വലിപ്പം കുറഞ്ഞ് കുറഞ്ഞ് വരുമ്പോള്‍ അതിന്റെ സ്വഭാവവും മാറും എന്ന് വച്ചാല്‍ സാധാരണ സ്വര്‍ണതരിയുടെ നിറം നമുക്കറിയാമല്ലോ. എന്നാല്‍ അതിലും കുഞ്ഞ് കണങ്ങളായി മാറുമ്പോള്‍ അവയുടെ നിറം മാണിക്യചുവപ്പായും നീ‍ലയായും ഒക്കെ മാറും, അതായത് ഒരു മാജിക് പോലെ ആറ്റങ്ങളെ പ്രത്യേകരീതിയില്‍ അടുക്കി അടുക്കി വച്ച് നമുക്കിനിയും അറിയാത്ത ഇനിയും കാണാത്ത പുത്തന്‍ പദാര്‍ത്ഥങ്ങള്‍ ഡിസൈന്‍ ചെയ്‌തെടുക്കാം.
ഞാന്‍ ഒന്ന് ചോദിച്ചോട്ടെ കുഞ്ഞമ്മേ. ഇത്രയും കുഞ്ഞിക്കണങ്ങളെ നമ്മള്‍ എങ്ങനെ കാണും ? നല്ല ചോദ്യം കുഞ്ഞമ്മയ്‌ക്കും രസമായി. അതിന് പ്രത്യേകതരം മൈക്രോ സ്‌കോപ്പ് തന്നെ വേണം. രണ്ട് തരമുണ്ട് അത് ഒന്ന് സ്‌കാനിംഗ് ടണലിംഗ് മൈക്രോ‌സ്‌കോപ്പ് അടുത്തത് അറ്റോമിക് ഫോഴ്സ് മൈക്രോസ്‌കോപ്പ് . ഇതിനെ കുറിച്ച് കൂടുതല്‍ നിങ്ങള്‍ പിന്നെ പഠിച്ചോളൂം. ഇപ്പോള്‍ അനുച്ചേച്ചി കൂടുതല്‍ പഠിക്കാനായി പോയത് കണ്ടില്ലേ അതു പോലെ.
എങ്ങനെയാ കുഞ്ഞമ്മേ ഈ നാനോ ടെക്‍നോളജിയുടെ തുടക്കം. അതോ 1959 ഡിസംബര്‍ 29 ന് അമേരിക്കന്‍ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഫെയിന്‍‌മാന്‍ ഒരു പ്രഭാഷണം നടത്തി. ഈ പ്രഭാഷണം കേട്ടവര്‍ അമ്പരന്നു അതില്‍ അദ്ദേഹം പറഞ്ഞ കാര്യം എന്താണന്നോ? ബ്രിട്ടാനിക്ക വിശ്വവിജ്ഞാനകോശത്തിന്റെ മുഴുവന്‍ ലക്കങ്ങളും ഒരു മൊട്ടുസൂചിയുടെ അറ്റത്ത് എഴുതാമെന്ന് ! കുഞ്ഞുകണങ്ങളില്‍ അനന്ത സാധ്യതകളുടെ വി‌സ്‌മയ പ്രപഞ്ചം ഒളിച്ചിരുപ്പുണ്ടെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. ഈ നാനോടെക്നോളജി എന്ന് പേരിട്ടത് നോറിയോ താനിഗുച്ചി എന്ന ജപ്പാനീസ് ശാസ്‌ത്രജ്ഞനാണ് കേട്ടോ. തീര്‍ന്നില്ല വിശേഷങ്ങള്‍ നാനോ ടെക്‍നോളജിയുടെ വളര്‍ച്ചയില്‍ നാഴികക്കല്ലായ ഒരു സംഭവത്തെക്കുറിച്ച് കൂടി പറയാം. അതിന്റെ കഥ തുടങ്ങുന്നത് കരിക്കട്ടയില്‍ നിന്നും. കാര്‍ബണിന്റെ അഥവാ കര്‍ിയുടെ ഒരു രൂപമാണ് ഗ്രാഫൈറ്റ് എന്നറിയാമല്ലോ. ആ പെന്‍സില്‍ മുന അല്ലേ? അതെ അപ്പു കുഞ്ഞമ്മ പറഞ്ഞു. ഗ്രാഫൈറ്റിനെ ലേസര്‍ കിരണങ്ങള്‍ വച്ച് ബാഷ്‌പീകരിക്കുന്ന പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു രണ്ട് പേര്‍ അപ്പോഴല്ലേ അത്ഭുതം ഉള്ള് പൊള്ളയായ ഒരു പന്തിന്റെ രൂപത്തിലുള്ള തന്മാത്രയാണ് അവര്‍ക്ക് ലഭിച്ചത്. അറുപത് കാര്‍ബണ്‍ ആറ്റങ്ങള്‍ ഉള്ള ഈ പുതിയ രൂപത്തെ ബക്കി പന്ത് എന്ന് വിളിച്ചു. ഈ കണ്ടുപിടുത്തത്തിന് റിച്ചാഡ് സ്‌മോളി , ഹരോള്‍ഡ് ക്രോട്ടെ എന്നിവര്‍ക്ക് 1986 ലെ രസതന്ത്ര നോബല്‍ സമ്മാനവും ലഭിച്ചു. നിലവില്‍ പല നാനോപദാര്‍ത്ഥങ്ങളുടെയും നിര്‍മ്മിതിയില്‍ ഇത് ഒഴിച്ചുകൂടാനാകാത്തതാണ്, ഇതിന്റെ എത്രയെത്ര പ്രയോജനങ്ങള്‍ കാണാനിരിക്കുന്നു.
നമ്മളുപയോഗിക്കുന്ന എതെങ്കിലും സാധനങ്ങളില്‍ നാനോ ഉണ്ടോ ? അപ്പുവിന്റെ ചോദ്യം. പിന്നില്ലേ, സ്വര്‍ണത്തിന്റെയും വെള്ളിയുടേയും നാനോ കണികകള്‍ അടങ്ങിയ ജലശുദ്ധീകരണി ഇന്ന് രംഗത്തെത്തിക്കഴിഞ്ഞു. ടൈറ്റാനിയം ഡയോക്‍‌സൈഡിന്റെ നാനോ കണങ്ങള്‍ പൂശിയ ബാത്ത്‌റും ടൈലില്‍ സൂര്യപ്രകാശം പതിച്ചാല്‍ താനെ അഴുക്കിളകും എന്ന പ്രത്യേകതയുണ്ട്. ഇരുമ്പിന്റെ കാന്തിക നാനോ കണങ്ങള്‍ ഉപയോഗിച്ച് ഭൂഗര്‍ഭ ജലത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനാകും.
ഇന്ന് ലഭിക്കുന്ന പല മരുന്നുകളിലും സൌന്ദര്യലേപനങ്ങളിലും നാനോ കണങ്ങള്‍ അടങ്ങിയിട്ടുണ്ട്. നാനോ ടെക്‍നോളജി അടിസ്ഥാനമാക്കിയുള്ള വാഷിംഗ് മെഷീനുകളും വിപണിയില്‍ ഉണ്ട്. അദൃശ്യത സാധ്യമാക്കുന്ന പദാര്‍ത്ഥങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും വിജയിച്ചു കൊണ്ടിരിക്കുന്നു.

Box Article
ഹരിത രസതന്ത്രം
പ്രകൃതിയോടിണങ്ങുന്ന രസത്രന്ത്രം ആണിത്. രസത്രന്ത്രത്തെ അടിമുടിമാറ്റുന്ന പുതിയ പഠനശാഖയാണിത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്ന് പറഞ്ഞത് പോലെ രാസവ‌സ്‌തുക്കള്‍ ഇല്ലാത്ത ഒരു ലോകം നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. എന്തിലും ഏതിലും എവിടെയും രാസവസ്‌തുക്കളുടെ സാന്നിദ്ധ്യം എന്നാല്‍ ഇത് കൊണ്ട് ഗുണം മാത്രമല്ല ഉള്ളത്. ഭൂമിയമ്മയെ കൊന്നുകൊണ്ടിരിക്കുകയാണ് രസതന്ത്രത്തിലെ പല കണ്ടുപിടുത്തങ്ങളും . അപകടകരമായ രാസമാലിന്യങ്ങള്‍ നമ്മുടെ മണ്ണും വെള്ളവും ആകാശവും വിഷമയമാക്കിക്കൊണ്ടിരിക്കുന്നു. രാസവ്യവസായശാലകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വേറേ. ഭോപ്പാല്‍ ദുരന്തത്തിന്റെയും ജപ്പാനില്‍ ഉണ്ടായ മിനമാതാ ദുരന്തത്തിന്റെ മാത്രമല്ല ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന എന്‍‌ഡോസള്‍ഫാന്‍ വരെ പ്രകൃതിയോടിണങ്ങാത്ത രസതന്ത്രത്തിന്റെ ഉദാഹരണങ്ങളില്‍ ചിലത് മാത്രം. ഇതിന് ഒരു മാറ്റം വരണമെന്ന ചിന്തയില്‍ നിന്നാണ് ഹരിത രസതന്ത്രമെന്ന പഠനശാഖയുടെ തുടക്കം. പരിസ്ഥിതിക്ക് ഇണങ്ങുന്ന രാസവസ്തുക്കള്‍ നിര്‍മ്മിക്കുക, അപകടകാരികളായവയെ നിരുപദ്രവകാരികളാക്കി മാറ്റുക. മാലിന്യങ്ങള്‍ പുറന്തള്ളാത്ത രാസവ‌സ്തു നിര്‍മ്മാണരീതി വികസിപ്പിച്ചെടുക്കുക തുടങ്ങിയ ഗവേഷണങ്ങളാണ് ഹരിത രസതന്ത്രത്തില്‍ നടക്കുന്നത്. പണ്ട് ആല്‍‌കെമിസ്റ്റുകള്‍ എല്ലാ ലോഹങ്ങളെയും സ്വര്‍ണമാക്കാന്‍ ശ്രമിച്ചത് പോലെ ഇന്ന് ഗ്രീന്‍ കെമിസ്റ്റുകള്‍ ഹരിത ഉത്പ്പന്നങ്ങളുടെ പുതുനിര സൃഷ്‌ടിക്കാനുള്ള ശ്രമത്തിലാണ്.

തിരുത്തപ്പെടുമോ ജീവശാസ്‌ത്ര പാഠങ്ങള്‍

നമ്മുടെ ജീവശാസ്ത്ര പുസ്തകങ്ങളില്‍ സ്ത്രീകളുടെ ശരീരശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു സുപ്രധാനകാര്യം തിരുത്തേണ്ടി വരുമെന്നാണ്പുതിയ ഗവേഷണങ്ങള്‍ നല്‍കുന്ന സൂചന. ഒരു സ്ത്രീയുടെ ശരീരത്തില്‍ജന്മനാ ഉള്ള അണ്ഡങ്ങളല്ലാതെ പുതിയ അണ്ഡങ്ങള്‍ഉല്‍‌പ്പാദിപ്പിക്കാന്‍കഴിയില്ലെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാലിപ്പോള്‍ സ്ത്രീകളുടെ അണ്ഡാശയത്തില്‍നിന്നു വേര്‍തിരിച്ചെടുത്ത വിത്തുകോശങ്ങളില്‍നിന്നും അണ്ഡങ്ങള്‍ സൃഷ്ടിച്ചുവെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ബ്രിട്ടീഷ് ശാസ്ത്രജ്ഞരും അമേരിക്കന്‍ ശാസ്ത്രജ്ഞരും. എഡിന്‍‌ബര്‍ഗ് സര്‍വകലാശാലയിലെയും ബോസ്റ്റണിലെ ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെയും ഗവേഷകരാണ് ജീവശാസ്ത്രത്തിലെ ഇതുവരെയുള്ള പല ധാരണകളെയും തിരുത്തിക്കുറിക്കുന്ന നേട്ടം കൈവരിച്ചത്. ഹാര്‍വാഡ് മെഡിക്കല്‍ സ്കൂളിലെ ജൊനാതന്ടില്ലിയും എഡിന്‍‌ബര്‍ഗ് സര്‍വകലാശാലയിലെ എവ് ലൈന്‍ടെഫ്ലറുമാണ്ഗവേഷണത്തില്പ്രധാന പങ്കു വഹിച്ചത്. അണ്ഡാശയ വിത്തുകോശങ്ങളില്‍നിന്നും പരീക്ഷണശാലയില്‍ സൃഷ്ടിച്ചെടുത്ത അണ്ഡങ്ങള്‍ പൂര്‍ണവളര്‍ച്ച എത്തിയതായും ഗവേഷകര്പറയുന്നു. അണ്ഡങ്ങളെ മനുഷ്യബീജവുമായി സംയോജിപ്പിച്ചു ഭ്രൂണങ്ങളാക്കി മാറ്റാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്ഗവേഷകര്‍ .
സ്ത്രീകളില്‍ജന്മനാ ഉള്ള അണ്ഡകോശങ്ങള്‍ കാലക്രമേണ പൂര്‍ണ വളര്‍ച്ചയെത്തുകയും ആര്‍ത്തവ വിരാമത്തോടെ അണ്ഡാശയത്തില്അണ്ഡങ്ങളില്ലാതാവുകയും ചെയ്യുന്നുവെന്ന ധാരണ മാറി ജീവിതകാലം മുഴുവന്പ്രത്യുല്പാദനക്ഷമത നിലനിര്‍ത്താന്‍ കഴിയുമെന്ന കണ്ടെത്തല്‍ജീവശാസ്ത്രരംഗത്തും ജനിതക എഞ്ചിനീയറിങ്ങിലും പ്രവചനാതീതമായ മാറ്റങ്ങള്‍ക്കാണ് നാന്ദി കുറിക്കുന്നത്, 22 മുതല്33 വയസ്സു വരെ പ്രായമുള്ള ആറ് സ്ത്രീകളുടെ അണ്ഡാശയത്തില്നിന്നാണ് അണ്ഡങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിവുള്ള വിത്തുകോശങ്ങള്‍ വേര്‍ത്തിരിച്ചെടുത്തത്. 2004 ല്‍തന്നെ ജൊനാതന്‍ടില്ലിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം സസ്തനികളിലെ അണ്ഡാശയങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ അണ്ഡങ്ങള്‍ ഉല്‍പാദിപ്പിക്കാനുള്ള കഴിവുണ്ടെന്ന കണ്ടെത്തല്‍ അവതരിപ്പിച്ചിരുന്നു. എലികളിലാണ് അവര്ആദ്യം പരീക്ഷണം നടത്തിയത്. FACS(ഫ്ലൂറ്സന്‍‌സ് ആക്റ്റിവേറ്റ്ഡ് സെല്സോര്‍ട്ടിംഗ് ) എന്ന മാര്‍ഗമാണ് ടില്ലിയും സംഘവും എലികളില്‍ പരീക്ഷിച്ചത്. അണ്ഡാശയ വിത്തുകോശങ്ങളുടെ ഉപരിതലത്തില്‍കാണപ്പെടുന്ന DDX4 എന്ന പ്രോട്ടീനില്‍ഫ്ലൂറസന്റ് പദാര്‍ത്ഥമടങ്ങിയ ആന്റിബോഡി കൊണ്ടു ലേബല്‍ചെയ്താണ് പരീക്ഷണം നടത്തിയത്. എലികളില്‍ഇതു വിജയം കണ്ടതോടെ ശ്രദ്ധ മനുഷ്യരിലേക്കു തിരിഞ്ഞു. 2009 ല്ഷാങ്ഹായില്ജി വു വിന്റെ നേതൃത്വത്തിലുള്ള ഗവേഷകരും പൂര്‍ണവളര്‍ച്ചയെത്തിയ എലികളുടെ അണ്ഡാശയത്തിന്റെ ഉപരിതലത്തില്നിന്നും അണ്ഡങ്ങള്ഉല്‍പ്പാദിപ്പിക്കാന്കഴിവുള്ള കുറച്ചു കോശങ്ങള്‍ വേര്‍ത്തിരിച്ചെടുത്തിരുന്നു. വന്ധീകരിച്ച ഒരു എലിയുടെ അണ്ഡാശയത്തിലേക്ക് കോശങ്ങള്‍ മാറ്റിവച്ചപ്പോള്‍അവയ്‌ക്ക് പ്രത്യുല്പാദനം സാദ്ധ്യമായെന്നും ഷാങ്ഹായ് ഗവേഷകര്‍അവകാശപ്പെട്ടിരുന്നു. പരീക്ഷണത്തില്പല ശാസ്ത്രജ്ഞരും സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും മനുഷ്യരിലും ഇത്തരമൊരു പരീക്ഷണസാധ്യതയിലേക്കാണ് ഇതു വിരല്ചൂണ്ടിയത്.
ഹര്‍വാഡ് ഗവേഷകരുടെയും എഡിന്‍ബര്‍ഗ് ഗവേഷകരുടെയും പുതിയ പരീക്ഷണത്തില്‍സ്ത്രീകളുടെ അണ്ഡാശയത്തില്‍നിന്നു വേര്‍ത്തിരിച്ചെടുത്ത വിത്തുകോശങ്ങള്പരീക്ഷണശാലയില്കള്‍ച്ചര്‍ ചെയ്തപ്പോള്അവ പൂര്‍ണവളര്‍ച്ചയെത്താത്ത അണ്ഡകോശങ്ങളായി മാറി. ഇതില്പച്ച ഫ്ലൂറസന്റ് പ്രോട്ടീന്‍കൊണ്ട് ലേബല്‍ചെയ്തു. പിന്നെ വേര്‍ത്തിരിച്ചെടുത്ത അണ്ഡാശയ കലയില്‍ ഇഞ്ചക്റ്റ് ചെയ്തു. തുടര്‍ന്ന് ഒരു എലിയുടെ ശരീരത്തിലേക്കു മാറ്റി സ്ഥാപിച്ചു. രണ്ടാഴ്ചയ്‌ക്കുള്ളില്‍ഇവ പച്ച ഫ്ലൂറസന്‍സ് കാണിക്കുന്ന കോശങ്ങളായി വളര്‍ന്നു. കോശങ്ങള്‍ക്ക് ശരിക്കും മനുഷ്യ അണ്ഡകോശങ്ങളുടെ സ്വഭാവമുണ്ടെന്നാണ് ഗവേഷകര്പറയുന്നത്. കോശങ്ങളില്‍ബീജസങ്കലനം നടത്തി ഉണ്ടാവുന്ന ഭ്രൂണം സാധാരണ അവസ്ഥയിലുള്ളതാണോ എന്നു പഠിക്കുകയാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം. പരീക്ഷണ ശാലയില്‍ മനുഷ്യഭ്രൂണങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുള്ള പരീക്ഷണങ്ങള്‍ക്ക് പലരാജ്യങ്ങളിലും കര്‍ശന നിയന്ത്രണങ്ങളുണ്ട്. പരമാവധി 14 ദിവസം വരെ മാത്രമേ മനുഷ്യഭ്രൂണം പരീക്ഷണശാലയില്‍ വളര്‍ത്താന്‍നിയമം അനുവദിക്കുന്നുള്ളൂ. തുടര്‍പരീക്ഷണങ്ങള്‍ക്കുള്ള അനുമതിക്കായി എഡിന്‌ബര്‍ഗ് ഗവേഷകര്ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്ആന്‍ഡ് എംബ്രിയോളജി അതോറിറ്റിയെ സമീപിച്ചു കഴിഞ്ഞു.
വന്വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിക്കഴിഞ്ഞു ഗവേഷണം. വിത്തുകോശങ്ങളില്നിന്നുള്ള അണ്ഡങ്ങളുടെ സൃഷ്ടി ശരിയാണെന്നുറപ്പിക്കാന്‍കൂടുതല്‍പരീക്ഷണങ്ങളും നിരീക്ഷണങ്ങളും വിലയിരുത്തലുകളും ആവശ്യമാണെന്ന നിലപാടിലാണ് ശാസ്ത്രലോകം. ഏതായാലും ഗവേഷണം തുറന്നിടുന്ന സാദ്ധ്യതകള്‍ചില്ലറയൊന്നുമല്ല. ഒരുതരത്തില്‍സ്ത്രീകള്‍ക്ക് നിത്യയൌവനം നേടാനും ആര്‍ത്തവ വിരാമത്തോട് ബൈ പറയാനും പുതിയ ഗവേഷണം സഹായിച്ചേക്കും. സ്ത്രീകളുടെ ബയോളജിക്കല്‍ക്ലോക്ക് ഇനി വേണമെങ്കില്‍തിരിച്ചു വയ്ക്കാമെന്നു സാരം. വന്ധ്യതാചികിത്സയിലും ഇതു വന്മാറ്റങ്ങള്ക്ക് വഴിയൊരുക്കും. IVF(In vitro fertilization) ചികിത്സയില്ഇനി അണ്ഡങ്ങളുടെ ക്ഷാമവും ഉണ്ടാവില്ല.അണ്ഡാശയ വിത്തുകോശങ്ങളില്നിന്നും എത്ര അണ്ഡങ്ങള്വേണമെങ്കിലും വളര്‍ത്തിയെടുക്കാം. പ്രായാധിക്യവും രോഗങ്ങളുമൊന്നും അമ്മയാവാനുള്ള ആഗ്രഹത്തിനൊരു തടസ്സമേ ആവില്ലെന്നു സാരം. ആര്‍ത്തവ വിരാമവും ഓസ്റ്റിയോപോറോസിസും ഹൃദ്രോഗങ്ങളും കീമോതെറാപ്പി കൊണ്ടോ മറ്റോ അണ്ഡാശയത്തിനുണ്ടാവുന്ന തകരാറുകളുമൊക്കെ വന്ധ്യതാ ചികിത്സയില്‍പ്രശ്നമാവാത്ത കാലമാണ് വരുന്നത്.
ഇത്തരം ഗവേഷണങ്ങള്‍ ഉയര്‍ത്തുന്ന ധാര്‍മിക നൈതിക പ്രശ്നങ്ങള്‍ചില്ലറയൊന്നുമല്ല.പരീക്ഷണ ശാലയില്‍ഇഷ്ടം പോലെ സൃഷ്‌ടിച്ചെടുക്കാവുന്ന ഒന്നായി അണ്ഡങ്ങളും ഭ്രൂണങ്ങളുമൊക്കെ മാറുമ്പോള്‍ അതു ചോദ്യം ചെയ്യുന്നത് പ്രകൃതി നിയമങ്ങളെയും മനുഷ്യന്റെ അസ്‌തിത്വത്തെയുമാണ്. പരീക്ഷണശാലയില്‍ യഥേഷ്‌ടം അണ്ഡങ്ങള്‍ സൃഷ്‌ടിച്ചെടുക്കാമെന്ന സംവിധാനം ഉരുത്തിരിഞ്ഞാല്‍ അത് വന്‍‌തോതിലുള്ള മനുഷ്യ ക്ലോണിങ്ങിലേക്ക് നയിക്കും എന്ന വെല്ലുവിളിയും ഒരു വശത്തുണ്ട്. അതുകൊണ്ടുതന്നെയാണ് കൃത്രിമജീവന്‍‍ സൃഷ്ടിക്കാന്‍ലക്ഷ്യമിടുന്ന സിന്തറ്റിക് ബയോളജി രംഗത്തെ ഗവേഷണങ്ങളും മനുഷ്യ ക്ലോണിംഗ് ഗവേഷ്ണങ്ങളും  സാധ്യതകള്‍ക്കൊപ്പം അറ്റമില്ലാത്ത ആശങ്കകള്‍ക്കും വിവാദങ്ങള്‍ക്കും തിരികൊളുത്തുന്നത്. ഇത്തരം പരീക്ഷണങ്ങളും ക്ലോണിങ്ങുമൊക്കെ ആള്‍ഡസ് ഹക്സ് ലിയുടെ ബ്രേവ് ന്യൂ വേള്‍ഡ് എന്ന ശാസ്ത്രനോവലിലെ അവസ്ഥയിലേക്കു ലോകത്തെ നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Sunday, September 18, 2011

ഹരിത രസതന്ത്രം -പുസ്തക പരിചയം


മാതൃഭൂമി നഗരം സപ്ലിമെന്റില്‍ ബിജു സി പി എഴുതിയ പുസ്തകപരിചയം
------

ശാസ്‌ത്രവിഷയങ്ങള്‍ മലയാളത്തില്‍ വിവരിക്കുന്ന പുസ്‌തകങ്ങള്‍ തീരെക്കുറവാണ്‌ ഇപ്പോഴും. ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെയും റാദുഗ പബ്ലിക്കേഷന്‍സിന്റെയുമൊക്കെ ചില പുസ്‌തകങ്ങള്‍ക്കപ്പുറം നല്ല ശാസ്‌ത്രസാഹിത്യം മലയാളത്തില്‍ കാര്യമായൊന്നും ഉണ്ടായിട്ടില്ല. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മിക്ക ശാസ്‌ത്രപുസ്‌തകങ്ങളും വായനക്കാരെ പേടിപ്പിച്ച്‌ ഓടിക്കുന്നവയായിരുന്നു. ശാസ്‌ത്രം മലയാളത്തിലെഴുതുന്ന എഴുത്തുകാരാകട്ടെ വിരലിലെണ്ണാന്‍ മാത്രമേയുള്ളൂ. നമ്മുടെ ആനുകാലികപ്രസിദ്ധീകരണങ്ങളിലും രാഷ്ട്രീയവും സാഹിത്യവും സാംസ്കാരികവുമായ കാര്യങ്ങളല്ലാതെ ശാസ്‌ത്രം കടന്നു വരുന്നത്‌ നന്നേ കുറവാണ്‌. അതുകൊണ്ടു തന്നെ ശാസ്‌ത്രത്തിന്റെ മേഖലയിലുണ്ടാകുന്ന പുതുപ്രവണതകളെക്കുറിച്ചറിയാന്‍ മലയാള വായനക്കാര്‍ക്ക്‌ അത്രയെളുപ്പം കഴിയാറില്ല. ആളുകളധികം നടക്കാത്ത ഈ എഴുത്തുവഴിയിലൂടെയാണ്‌ സീമ ശ്രീലയം മുന്നേറുന്നത്‌. നല്ല മലയാളത്തില്‍ ശാസ്‌ത്രപുസ്‌തകങ്ങള്‍ രചിക്കുന്ന എഴുത്തുകാരിയുടെ പുതിയ കൃതിയാണ്‌ ഹരിതരസതന്ത്രം.

കെമിക്കല്‍ എന്നു പറഞ്ഞാല്‍ത്തന്നെ വിഷസ്വഭാവം നിറഞ്ഞത്‌ എന്ന ബോധ്യമാണല്ലോ നമുക്കുണ്ടാവുക. ആ ചീത്തപ്പേരില്‍ നിന്നു രക്ഷനേടാനുള്ള ശ്രമങ്ങളിലാണ്‌ കെമിസ്‌ട്രി ഇന്ന്‌. രസതന്ത്രവും പരിസ്ഥിതി സൗഹൃദമായിക്കൊണ്ടിരിക്കുന്നു. കെമിസ്‌ട്രി പരിസ്ഥിതിസൗഹൃദമാകുന്നത്‌ എങ്ങനെയൊക്കെ എന്നും ആ രംഗത്തെ മുന്നേറ്റങ്ങള്‍ എന്തൊക്കെ എന്നും ലളിതമായി വിവരിക്കകുയാണ്‌ പുസ്‌തകത്തില്‍. ഹരിതരസതന്ത്രം എന്ന ആശയത്തെയും അതിന്റെ പ്രസക്തിയെയും കുറിച്ചു വിവരിക്കുന്നതാണ്‌ ആദ്യ അധ്യായം. പരിസ്ഥിതിസൗഹൃദ രസതന്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങളും നിര്‍ദേശങ്ങളും സാധ്യതകളും ചുരുക്കി വിവരിക്കുന്നു. ഈ മേഖലയില്‍ വലിയ മുന്നേറ്റങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്ന ശാസ്‌ത്രജ്ഞന്മാരെക്കുറിച്ചുള്ള സൂചനകളും അവരുടെ ചിത്രങ്ങളും സമവാക്യങ്ങളും തന്മാത്രഘടനകളുടെ ചിത്രങ്ങളുമെല്ലാം വേണ്ടത്രയുള്ളതിനാല്‍ ആദ്യ കാഴ്‌ചയില്‍ത്തന്നെ പുസ്‌തകത്തിന്‌ ഒരു ചടുലതയുണ്ട്‌.

അടിസ്ഥാന വിവരങ്ങള്‍ക്കു ശേഷമുള്ള അധ്യായങ്ങളിലെല്ലാം തന്നെ വിവരിക്കുന്നത്‌ ഹരിതരസതന്ത്രത്തിലെ വ്യത്യസ്‌ത മുന്നേറ്റങ്ങളാണ്‌. ക്ലോറോഫ്‌ളൂറോ കാര്‍ബണിനു പകരം നില്‍ക്കുന്ന സൂപ്പര്‍ ക്രിട്ടിക്കല്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ്‌, സൂപ്പര്‍ ലായകങ്ങള്‍, തുടങ്ങിയവയെക്കുറിച്ചും അവയുടെ സാധ്യതകളെക്കുറിച്ചും പറയുന്നു. പരിസ്ഥിതിസൗഹൃദപരമായ ആസിഡുകള്‍,വ്യാവസായിക ഉത്‌പാദന വസ്‌തുക്കള്‍ തുടങ്ങിയവയെക്കുറിച്ചും വിവരിക്കുന്നുണ്ട്‌. നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ വിസ്‌മയകരമായ പുതിയ നേട്ടങ്ങളുണ്ടാക്കാനുള്ള സാധ്യതകള്‍, പുതിയ ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്താനുള്ള വഴികള്‍, ആഗോളതാപനം പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനമാര്‍ഗങ്ങള്‍, ജൈവപ്ലാസ്റ്റിക്കിന്റെയും ജൈവ ഇന്ധനങ്ങളുടെയും വരവ്‌, ഔഷധനിര്‍മാണത്തിനുള്ള ചെലവു കുറഞ്ഞതും ഗുണമേന്മയുള്ളതുമായ രീതികള്‍, രിത കീടനാശിനികളും ഹരിതവളങ്ങള്‍ തുടങ്ങി പരിസ്ഥിതിക സൗഹൃദരസതന്ത്രത്തിലൂടെ കൈവരിക്കാവുന്ന നേട്ടങ്ങളുടെ പട്ടിക നിരത്തുന്നുണ്ട്‌ പുസ്‌തകം. ഹരിതരസതന്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ഗ്രീന്‍ കെമിസ്‌ട്രി ചലഞ്ച്‌ അവാര്‍ഡു ജേതാക്കളുടെ പട്ടിക, തുടങ്ങിയവ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്‌. പുതിയൊരു തലത്തിലേക്കു വളരുന്ന രസതന്ത്രത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ നല്‍കുന്നതാണ്‌ പുസ്‌തകം.

Saturday, August 13, 2011

ഹെന്‍‌റി കാവന്‍‌ഡിഷ്

കോടീശ്വരന്‍ . പക്ഷെ നടപ്പിലും എടുപ്പിലും സാധാരണക്കാരിലും സാധാരണക്കാരന്‍ . നാട്ടിലെ പ്രധാന സ്ഥലമായ സോഫോ സ്‌ക്വയറില്‍ ഇരുന്ന് തനിയെ പിറുപിറുക്കുന്നത് കാണാം. നടക്കുമ്പോള്‍ എതിരെ സ്‌ത്രീകള്‍ ആരെങ്കിലും വന്നാല്‍ മുഖം താഴ്ത്തി വഴിമാറി നടക്കും ! ആരോടെങ്കിലും നന്നായി സംസാരിക്കുന്നത് തന്നെ അപൂര്‍വം . അരക്കിറുക്കനായ ഏകാകി - അങ്ങനെയാണ് നാട്ടുകാരില്‍ പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ആരാണിയാള്‍ എന്ന് കൂട്ടുകാര്‍ക്ക് വല്ല പിടിയും കിട്ടിയോ ? ലോകം കണ്ട മഹാനായ ശാസ്‌ത്രജ്ഞരിലൊരാളായ ഹെന്‍‌റി കാവന്‍‌ഡിഷ്

ശരിക്കും വ്യത്യസ്‌തനായ ഒരു ശാസ്ത്രജ്ഞനായിരുന്നു കാവന്‍ഡിഷ്. സാധാരണ ആരെങ്കിലും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയാല്‍ എന്താണ് ചെയ്യുക ? ഉടന്‍ ലോകത്തോട് വിളിച്ച് പറയും. ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച് പേരെടുക്കും അല്ലേ ? എന്നാല്‍ കാവന്‍ഡിഷ് ഇതൊന്നും ചെയ്തില്ല. പാവത്തിന്റെ പല കണ്ടെത്തലുകളും പുറം ലോകം അറിഞ്ഞതു പോലുമില്ല. ഏതെങ്കിലുമൊരു വേദിയില്‍ സംസാരിക്കുന്നത് അദ്ദേഹത്തിന് ചിന്തിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. മറ്റൊരു വിശേഷണം കൂടി സ്വന്തമാക്കിയിരുന്നു , അതെന്താണന്നോ ? പണ്ഡിതന്മാരിലെ ധന‌വാന്‍ : ധനവാന്മാരിലെ പണ്ഡിതന്‍ !

1731 ഒക്‍ടോബര്‍ 10 ന് ഫ്രാന്‍സിലെ ഒരു ധനിക കുടുംബത്തില്‍ ചാള്‍സ് കാവന്‍‌ഡിഷിന്റെ മകനായി ആണ് ഹെന്‍‌റി ജനിച്ചത്.മകനെ വീട്ടിലിരുത്തിയാണ് മാതാപിതാക്കള്‍ പഠിപ്പിച്ചത്. വളര്‍ന്നപ്പോള്‍ ഉപരിപഠനത്തിനായി കേം‌ബ്രിഡ്‌ജില്‍ ചേര്‍ന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയില്ല. വാചാ പരീക്ഷയോടുള്ള പേടിയായിരുന്നത്രേ പഠിത്തം ഉപേക്ഷിക്കാനുള്ള കാര്‍ണം ! എതായാലും പിന്നീട് ഇംഗ്ലണ്ടില്‍ തന്നെ സ്ഥിര താമസമാക്കി അദ്ദേഹം .

ഒരു ദിവസം സള്‍‌ഫ്യൂരിക്കാസിഡും സിങ്കും ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു ഹെന്‍‌റി കാവന്‍ഡിഷ്. ടെസ്റ്റ് ട്യൂബില്‍ എടുത്ത സള്‍ഫ്യൂരിക്ക് ആസിഡിലേക്ക് സിങ്ക് ചേര്‍ത്തപ്പോഴല്ലേ രസം. അതാ ഒരു വാതകം പുറത്തേക്ക് വരുന്നു. തീപ്പെട്ടിക്കൊള്ളി ഉരച്ച് കാണിച്ചപ്പോള്‍ ആ വാതകം അതാ കത്തുന്നു. തീപിടിക്കുന്ന പുതിയ വാതകത്തെ കണ്ടുപിടിച്ച കാവന്‍ഡിഷ് പെട്ടെന്ന് പ്രശസ്‌തനായി. എന്നാല്‍ ഈ അത്ഭുത വാതകത്തിന് പേരിട്ടത് കാവന്‍‌ഡിഷ് അല്ല കേട്ടോ. ലാവോസിയെ ആണ് ഈ വാതകത്തിന് പേരിട്ടത്. അതെന്താണന്നോ ? ഹൈഡ്രജന്‍

ഏതൊക്കെയാണ് ജലത്തില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ? ഏറെ നാള്‍ ശാസ്‌ത്രജ്ഞരെ കുഴക്കിയ ചോദ്യമാണിത് . ഹൈഡ്രജനും ഓക്‍സിജനും ചേര്‍ന്നാണ് ജലമുണ്ടാകുന്നത് എന്ന ഒരു ഊഹം കാവന്‍‌ഡിഷിനുണ്ടായിരുന്നു. എന്നാലിത് കേട്ടവര്‍ കേട്ടവര്‍ ചിരിച്ച് തള്ളി. കത്തുന്ന വാതകമായ ഹൈഡ്രജനും പ്രാണവായുവായ ഓക്‍സിജനും ചേര്‍ന്ന് തീ കെടുത്താന്‍ കഴിവുള്ള ജലമുണ്ടാവുമത്രേ ! അസംബന്ധം ! ഈ മട്ടിലായിരുന്നു ആള്‍ക്കാരുടെ പ്രതീകരണം. ആഹാ , ഇതെങ്ങനെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ. തെളിയിച്ചിട്ടു തന്നെ കാര്യം എന്നു കാവന്‍‌ഡിഷ് തീരുമാനിച്ചു. അദ്ദേഹം എന്തു ചെയ്‌തെന്നോ ? ഗോളാകൃതിയുള്ള ഒരു ചെറിയ സ്ഫടിക പാത്രമെടുത്ത് അതിലെ വായു പൂര്‍ണമായും നീക്കം ചെയ്‌തു . ഇതില്‍ ഓക്‍സിജനും താന്‍ കണ്ടുപിടിച്ച പുതിയ കത്തുന്ന വാതകവും നിറച്ച ശേഷം പാത്രം നന്നായി അടച്ചു. അതിനുള്ളിലെ വാതക മിശ്രിതം കത്തിച്ചു. അപ്പോഴെന്തു സംഭവിച്ചെന്നോ ? സ്ഫടിക പാത്രത്തിനുള്ളില്‍ ഒരു പൊട്ടിത്തെറിയാണുണ്ടായത് . പിന്നെ നോക്കിയപ്പോഴല്ലേ അത്ഭുതം. സ്ഫടിക പാത്രത്തിനുള്ളിലതാ ചെറിയ വെള്ളത്തുള്ളികള്‍ രൂപം കൊണ്ടിരിക്കുന്നു. അതോടെ വിമര്‍ശകരുടെ വായടഞ്ഞു. ഇവിടം കൊണ്ടും തീര്‍ന്നില്ല കാവന്‍‌ഡിഷിന്റെ ജലപരീക്ഷണം . രണ്ട് ഹൈഡ്രജന്‍ ആറ്റവും ഒരു ഓക്‍സിജന്‍ ആറ്റവും ചേര്‍ന്നാണ് ജലമുണ്ടാകുന്നത് എന്ന് അദ്ദേഹം തെളിയിച്ചു.

ഭാഗ്യത്തിന് റോയല്‍ സൊസൈറ്റിയുമായി ബന്ധമുണ്ടായിരുന്നു കാവന്‍‌ഡിഷിന്. അതുകൊണ്ട് അദ്ദേഹത്തിന്റെ ഇത്തരം ചില കണ്ടുപിടുത്തങ്ങളും ലോകമറിഞ്ഞു . തന്റെ സമ്പാദ്യം പരീക്ഷണ ഉപകരണങ്ങള്‍ ,പുസ്തകം എന്നിവ വാങ്ങാനാണ് ഹെന്‍‌റി കാവന്‍ഡിഷ് പ്രധാനമായും വിനിയോഗിച്ചത്. തന്റെ കൊട്ടാരം പോലെയുള്ള വീട്ടിലേക്ക് സഹായം ചോദിച്ച് വരുന്നവരെ സഹായിക്കാനും ഇദ്ദേഹം മറന്നില്ല. നിഷ്‌ക്രീയ വാതകമായ ആര്‍ഗണിന്റെ കണ്ടുപിടുത്തത്തിനരികെ വരെ എത്തിയതായിരുന്നു കാവന്‍ഡിഷ്, നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ ഒരു നൂറ്റാണ്ടിന് ശേഷം ആണ് ആ വാതകം കണ്ടുപിടിക്കപ്പെട്ടത്. വായുവിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ ഓക്‍സിജനും നൈട്രജനും തമ്മില്‍ പ്രവര്‍ത്തിച്ച് നൈട്രിക്ക് ഓക്‍സൈഡ് ഉണ്ടാകുമെന്നും അത് ജലത്തില്‍ ലയിപ്പിക്കുമ്പോള്‍ നൈട്രിക്ക് ആസിഡ് ആകുമെന്നും അദ്ദേഹം കണ്ടെത്തി . എന്നാല്‍ ഈ പരീക്ഷണത്തിനിടയില്‍ ഒരു കാര്യം കാവന്‍ഡിഷ് ശ്രദ്ധിച്ചു. പരീക്ഷണത്തിനുപയോഗിച്ച വായുവിലെ നൈട്രജന്‍ മുഴുവന്‍ ഓക്‍സിജനുമായി പ്രവര്‍ത്തിച്ച ശേഷവും അതില്‍ അല്‍‌പം വാതകം അവശേഷിക്കുന്നു. അപ്പോള്‍ വായുവിലെ മറ്റേതോ ഒരു വാതകം ആയിരിക്കുമല്ലോ അത്. എന്നാല്‍ അക്കാലത്തെ ശാസ്‌ത്രജ്ഞരൊന്നും ആ കണ്ടുപിടുത്തത്തെ അംഗീകരിച്ചില്ല. പിന്നീട് ഒരു നൂറ്റാണ്ടിന് ശേഷം വില്യം റാം‌സേ എന്ന ശാസ്‌ത്രജ്ഞനാണ് ഹെന്‍‌റി കാവന്‍ഡിഷിന് പിടി കൊടുക്കാതെ പോയ ആര്‍ഗണ്‍ എന്ന ആ വാതകത്തെ കണ്ടു പിടിച്ചത്.

രസതന്ത്രത്തില്‍ മാത്രമല്ല ഭൌതികശാസ്‌ത്രത്തിലും ഗണിതത്തിലും താത്പര്യമുണ്ടായിരുന്ന ഇദ്ദേഹത്തിന് ഗുരുത്വ സ്ഥിരാങ്കത്തിന്റെ മൂല്യം കൃത്യമായി നിര്‍ണയിക്കാനും സാധിച്ചു. എന്തിനധികം ഭൂമിയുടെ ദ്രവ്യമാനവും ഘനത്വവും വരെ നിര്‍ണയിച്ചു. വൈദ്യുതിയെ കുറിച്ചും താപത്തെ കുറിച്ചും അദ്ദേഹം നിരവധി പഠനങ്ങള്‍ നടത്തി 1810 ല്‍ തികച്ചും വ്യത്യസ്ഥമായ പാതകളിലൂടെ സഞ്ചരിച്ച ഈ ശാസ്‌ത്രജ്ഞന്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്‌ക്കായി കേംബ്രി‌ജ് സര്‍വകലാശാലയില്‍ പ്രശസ്‌തമായ ഒരു പരിക്ഷണശാല ഉണ്ട്, അതാണ് കാവന്‍ഡിഷ് ലാബോറട്ടറി.

Wednesday, October 15, 2008

ഊര്‍ജം ജൈവദ്രാവകങ്ങളില്‍ നിന്നും

മൂത്രം, കണ്ണുനീര്‍, ഉമിനീര്‍ തുടങ്ങിയ ജൈവദ്രാവകങ്ങളായിരിക്കും, ഭാവിയുടെ ഊര്‍ജസ്രോതസുകള്‍ എന്നു കേള്‍ക്കുമ്പോള്‍ അദ്‌ഭുതം തോന്നാറുണ്ടോ? സിംഗപ്പൂരില്‍ ഗവേഷണം നടത്തുന്ന പ്രഫസര്‍ കെ.ബി.ലീയും സഹപ്രവര്‍ത്തകരും മനുഷ്യന്റെ മൂത്രം ഉപയോഗിച്ച്‌ ഊര്‍ജം ഉത്‌പാദിപ്പിക്കാന്‍ സാധിക്കുന്ന പേപ്പര്‍ ബാറ്ററികള്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു! അതും ഒരു ക്രെഡിറ്റ്‌ കാര്‍ഡിനെക്കാള്‍ ചെറിയ ഡിസ്‌പോസിബിള്‍ ബാറ്ററികള്‍. എളുപ്പം ജൈവവിഘടന വിധേയമാവുന്ന ഈ പേപ്പര്‍ ബാറ്ററികള്‍ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന പേടിയും വേണ്ട. ചെലവും ഇല്ല.
പുതിയ പേപ്പര്‍ ബാറ്ററിയുടെ നിര്‍മാണവും വളരെ ലളിതം. പേപ്പര്‍ ആദ്യം കോപ്പര്‍ ക്ലോറൈഡ്‌
ലായനിയില്‍ മുക്കിയെടുത്തത്തിനുശേഷം മഗ്നീഷ്യത്തിന്റെയും കോപ്പറിന്റെയും സ്‌ട്രിപ്പുകള്‍ക്കിടയില്‍ വയ്‌ക്കണം. ഈ സാന്‍ഡ്‌ വിച്ച്‌ സുതാര്യമായ പ്ലാസ്റ്റിക്‌ ഷീറ്റുകളുപയോഗിച്ച്‌ 120 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കി ലാമിനേറ്റു ചെയ്‌തെടുക്കുന്നതോടെ ബാറ്ററി റെഡി! ഇതിന്റെ കനമാവട്ടെ വെറും ഒരു മില്ലിമീറ്റര്‍
മാത്രവും. ബാറ്ററിയുടെ ഉപരിതലത്തിലുള്ള പ്ലാസ്റ്റിക്കിന്റെ ചെറിയ വിടവിലൂടെ ഒരു തുള്ളി മൂത്രം പേപ്പറിലൂടെ വീഴ്‌ത്തണം. അപ്പോള്‍ ബാറ്ററിക്കുള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തങ്ങളുടെ ഫലമായി വൈദ്യുതിയുണ്ടാവും. മൂത്രത്തിലടങ്ങിയിരിക്കുന്ന പലതരം അയോണുകള്‍ (ചാര്‍ജുള്ള ആറ്റങ്ങള്‍) ആണ്‌ രാസപ്രവര്‍ത്തനം നടത്തുന്നത്‌. 0.2 മില്ലിലിറ്റര്‍ മൂത്രമുപയോഗിച്ച്‌ 1.5 വോള്‍ട്ട്‌ വൈദ്യുതിയുണ്ടാക്കാന്‍ ലീക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചു. ഇതിന്റെ കാര്യക്ഷമത ഇനിയും വര്‍ധിപ്പിക്കാനുള്ള
ഗവേഷണങ്ങളിലാണ്‌ ശാസ്‌ത്രജ്ഞര്‍. ഇപ്പോള്‍ ഈ പേപ്പര്‍ ബാറ്ററികള്‍ പ്രധാനമായും ഉപയോഗപ്പെടുത്താന്‍ കഴിയുക ബയോമെഡിക്കല്‍ ഉപകരണങ്ങളിലാണെങ്കിലും ഭാവിയില്‍ ഊര്‍ജപ്രതിസന്ധിക്കു നല്ലൊരു പരിഹാരമാവുക ഈ ബാറ്ററികളാവുമെന്നാണ്‌ ശാസ്‌ത്രജ്ഞരുടെ പ്രവചനം. വിവിധ രോഗനിര്‍ണയത്തിനുള്ള ബയോചിപ്പുകളും ഡിസ്‌പോസിബിള്‍ ടെസ്റ്റ്‌ കിറ്റുകളിലും ഊര്‍ജസ്രോതസ്സായി പേപ്പര്‍ ബാറ്ററികള്‍ ഉപയോഗിക്കാം. ഇതു വ്യാപകമാവുന്നതോടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്ന ലിഥിയം കാഡ്‌മിയം ബാറ്റററികളെ ഒഴിവാക്കുകയും ചെയ്യാം. ക്രെഡിറ്റ്‌ കാര്‍ഡ്‌ വലുപ്പത്തിലുള്ള ഒരു പ്ലാസ്റ്റിക്‌ ഷീറ്റില്‍ ഒറു കുഞ്ഞുസെല്‍ഫോണും ഉമിനീരില്‍ നിന്നു വൈദ്യുതി
ഉത്‌പാദിപ്പികക്കാന്‍ സാധിക്കുന്ന പേപ്പര്‍ ബാറ്ററിയും ഘടിപ്പിച്ചാലെങ്ങനെയിരിക്കും? അത്യാവശ്യഘട്ടങ്ങളില്‍ ഉമിനൂരു കൊണ്ടു പേപ്പര്‍ നനച്ച്‌ സെല്‍ഫോണ്‍ പ്രവര്‍ത്തിപ്പിക്കാം! ിയര്‍പ്പില്‍ നിന്നും കണ്ണുനീരില്‍ നിന്നുമൊക്കെ വൈദ്യുതിയുത്‌പാദിപ്പിക്കുന്ന ബാറ്ററികളും രംഗപ്രവേശം ചെയ്‌തുകൂടെന്നില്ല. ഇങ്ങനെ നൂറു നൂറു സാധ്യതകളാണു പുതിയ കണ്ടുപിടിത്തം ശാസ്‌ത്രത്തിനു മുന്നില്‍ തുറന്നിടുന്നത്‌. പേപ്പര്‍ ബാറ്ററികളുപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പും എംപി 3 പ്ലെയറും െലിവിഷനും കാറുമൊക്കെ അധികം വൈകാതെ യാഥാര്‍ഥ്യമാവും. പരമ്പരാഗത ഊര്‍ജസ്രോതസ്സുകള്‍ അതിവേഗം തീരുകയും ലോകം കടുത്ത ഊര്‍ജപ്രതിസന്ധിയുടെ നിഴലില്‍ അമരുകയും ചെയ്യുന്ന ഇക്കാലത്ത്‌ ജൈവദ്രാവകങ്ങളുപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ബാറ്ററികള്‍ നല്‍കുന്ന പ്രതീക്ഷകള്‍ വലുതാണ്‌. മനുഷ്യശരീരമെന്ന അദ്‌ഭുത ഫാക്‌ടറി പുറന്തള്ളുന്ന ദ്രാവകങ്ങള്‍ തന്നെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ പോവുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ ഇത്തരം പേപ്പര്‍ ബാറ്ററികളുടെ നിര്‍മാണം വ്യാപകമായാല്‍ മൂത്രത്തിനും ഉമിനീരിനും കണ്ണുനീരിനും വിയര്‍പ്പിനുമൊക്കെ പൊന്നില്‍ വിലയുള്ള കാലമാവും വരാന്‍ പോവുന്നത്‌.

Saturday, October 11, 2008

വരുന്നു റെയിന്‍ബോ സോളാര്‍ സെല്‍

സോളാര്‍ സെല്ലുകളുടെ ശ്രേണിയിലേക്കു വര്‍ണത്തിളക്കവുമായെത്തുകയാണ്‌ റെയിന്‍ബോ സോളാര്‍ സെല്‍. ഈ സൗരസെല്ലിനു മഴവില്ലിന്റെ പേരുകൊടുക്കാന്‍ കാരണമുണ്ട്‌. സെമി കണ്ടക്‌ടര്‍ ക്വാണ്ടം ഡോട്ടുകളാണ്‌ ഇതില്‍ ഉപയോഗിക്കുന്നത്‌. നാനോ വലിപ്പത്തിലുള്ള ഈ അര്‍ധചാലക ക്രിസ്റ്റലുകള്‍ക്ക്‌ പ്രകാശത്തിലെ വിവിധ വര്‍ണങ്ങളെ ആഗിരണം ചെയ്യാനും വ്യത്യസ്‌ത നിറത്തിലുള്ള പ്രകാശം പുറപ്പെടുവിക്കാനുമുള്ള കഴിവുണ്ട്‌. യൂണിവേഴ്‌സ്റ്റി ഓഫ്‌ നോട്രഡാം ഗവേഷകരാണ്‌ പുതിയ സൗര സെല്ലിന്റെ സൃഷ്‌ടിക്കു പിന്നില്‍. സെമി കണ്ടക്‌ടര്‍ ക്വാണ്ടം ഡോട്ടുകളുടെ വലിപ്പം വ്യത്യാസപ്പെടുത്തി വ്യത്യസ്‌ത തരംഗ ദൈര്‍ഘ്യത്തിലുള്ള പ്രകാശം ആഗിരണം ചെയ്യുന്ന വിധത്തില്‍ അവയെ ട്യൂണ്‍ ചെയ്‌തെടുക്കാം. ഇത്തരം ക്വാണ്ടം ഡോട്ടുകളെ അണിനിരത്തിയുണ്ടാക്കുന്ന സോളാര്‍ സെല്ലിനു പ്രകാശം ആഗിരണം ചെയ്യാന്‍ സവിശേഷമായ കഴിവുകളാണുള്ളത്‌.

ടൈറ്റാനിയം ഡൈ ഓക്‌സൈഡ്‌ കൊണ്ടുണ്ടാക്കിയ നാനോ ഫിലിമിന്റെയും നാനോ ട്യൂബിന്റെയും ഉപരിതലത്തില്‍ കാഡ്‌മിയം സെലിനൈഡ്‌ ക്വാണ്ടം ഡോട്ടുകള്‍കൊണ്ട്‌ ഒരാവരണമുണ്ടാക്കുകയാണ്‌ നോട്രഡാം ഗവേഷകര്‍ ചെയ്‌തത്‌. പ്രകാശം ആഗിരണം ചെയ്യുന്നതനുസരിച്ച്‌ ക്വാണ്ടേ ഡോട്ടുകള്‍ ഇലക്‌ട്രോണുകളെ ടൈറ്റാനിയം ഡൈഓക്‌സൈഡിലേക്ക്‌ ഇന്‍ജക്‌ട്‌ ചെയ്യും. ഇതൊരു ഇലക്‌ടിങ്‌ ഇലകക്‌ട്രോഡില്‍ ശേഖരിക്കും. 2.3 നാനോ മീറ്റര്‍ മുതല്‍ 3.7 നാനോമീറ്റര്‍ വരെ വ്യാസമുള്ള നാലുതരം
ക്വാണ്ടം ഡോട്ടുകളും 505 മുതല്‍ 580 നാനോ മീറ്റര്‍വരെ തരംഗദൈര്‍ഘ്യമുള്ള പ്രകാശവുമാണ്‌ ഗവേഷകര്‍ ഉപയോഗിച്ചത്‌. ഇന്‍ഫ്രാ റെഡ്‌ കിരണങ്ങളെയും ഇത്തരത്തില്‍ ആഗിരണം ചെയ്യാന്‍ ക്വാണ്ടം ഡോട്ടുകള്‍ക്കു സാധിക്കും. സിലിക്കണ്‍ സോളാര്‍ സെല്ലുകളെക്കാളും കാര്യക്ഷമതയില്‍ ഏറെ മുന്നിലാണ്‌ റെയിന്‍ബോ സോളാര്‍ സെല്ലുകളെന്ന്‌ ഗവേഷകര്‍ ആവശ്യപ്പെടുന്നു. വീടുകളിലും ഫിസുകളിലുമൊക്കെ ഈ പുത്തന്‍ സോളാര്‍ സെല്‍ സ്ഥാപിച്ച്‌ ഊര്‍ജം കൊയ്‌തെടുക്കാം. വീടുകളില്‍ മനോഹരമായ വര്‍ണ ജനലുകള്‍ ഉണ്ടാക്കാനും റെയിന്‍ബോ സോളാര്‍ സെല്‍ ഉപയോഗിക്കാം. അവയെ പ്രത്യേക പ്രകാശവര്‍ണങ്ങള്‍ ആഗിരണം ചെയ്യാന്‍ ട്യൂണ്‍ ചെയ്‌തെടുത്താല്‍ മതി. ജനലില്‍ നിന്ന്‌ വൈദ്യുതി ലഭിച്ചു തുടങ്ങും!